വ്യാഴാഴ്‌ച, ഏപ്രിൽ 6

ചരിത്രത്തിന്‍റെ കാലടയാളങ്ങള്‍

പ്രവാസത്തിന്‍റെ വിരസമായ വാരാന്ത്യ സായാഹ്നങ്ങളില്‍  ഒരു നടത്തം പതിവുണ്ട് ചെങ്കടല്‍ തീരം മത്സ്യ മാര്‍ക്കെറ്റ് സീ പോര്‍ട്ട്‌ ലോക്കല്‍ മാര്‍ക്കറ്റുകളായ ബലദ് ബാബ്മക്ക  ബാബ് ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലൂടെ ലക്ഷ്യ നിശ്ചയങ്ങള്‍ ഇല്ലാത്ത അലസഗമനം. ഏതൊരു നാടിന്‍റെയും സംസ്കാരത്തെ തൊടണമെങ്കില്‍ അതാത് നാടിന്‍റെ ലോക്കല്‍ മാര്‍ക്കെറ്റുകളില്‍ എത്തണം എന്നാണ് മുമ്പേ നടന്നവന്‍റെ വചനം .
പക്ഷെ ഇവിടെ അറബ്യയുടെ മാത്രമായ ഒരു സംസ്കാരത്തെ കണ്ടെടുക്ക എന്നത് അത്ര എളുപ്പത്തില്‍  സാധ്യമാവുന്ന ഒന്നല്ല എന്നതാണ് വാസ്തവം . ഇത് ഭൂഖന്ധങ്ങളുടെ സംസ്ക്കാരങ്ങള്‍ ഒന്ന് ചേരുന്ന വഴികള്‍ ആണ് . ഊദും  അത്തറും സുഗന്ധപൂരിതമാക്കുന്ന വഴികളില്‍  മധ്യപൌരസ്ത്യ ദേശത്തിനും അപ്പുറം ഏഷ്യയുടേയും  യൂറോപ്പിന്‍റെയും  ആഫ്രിക്കയുടെയും വൈവിധ്യവും വൈജാത്യവുമായ ജീവിത രീതികളെ കണ്ടെത്തും എന്നതാണ് ശ്രദ്ധേയം . വിവിദ ദേശങ്ങളിലെ മനുഷ്യന്‍റെ ആകാരം വസ്ത്ര സംസാര ഭക്ഷണ വൈവിദ്യങ്ങള്‍ക്ക് വേദിയാവുന്ന അപൂര്‍വ്വ നഗരങ്ങില്‍  ഒന്നാണ് ബലദ് .
ഈ കാഴ്ചകളെ നിഷ്കളങ്കതയോടെ നിരീക്ഷിച്ചു കൊണ്ട് നടത്തം ചെന്നുത്തത്     പൌരാണികതയുടെ പൈതൃകവും പേറി  യുനെസ്കോയുടെ പട്ടികയില്‍ ഇടം നേടിയ ബലദ് ഹിസ്റ്റോറിക്കല്‍ വില്ലേജിലാണ്  . ആദി മാതാവ് ഹവ്വയുടെ ഖബറിടം ഈ ചരിത്രനഗരിക്ക് അരികെ  ആണന്നിരിക്കെ മനുഷ്യഉല്‍പത്തി മുതല്‍ മനുഷ്യവാസമുള്ള സ്ഥലമാണിതെന്ന്അനുമാനിക്കാം. കല്ല്‌ പാകി വെടിപ്പാക്കിയ ഇടുങ്ങിയ വഴികളും ചരിത്ര ഭാരവും പേറി നടുവൊടിഞ്ഞു നില്‍ക്കുന്ന കെട്ടിടങ്ങളും ഒറ്റ നോട്ടത്തില്‍ ഒരു കാഴ്ചയോ കൌതുകമോ അല്ല ഈ പൌരാണിക നഗരം . കാലചക്രത്തിന്‍റെ കറക്കത്തില്‍ ഒരായിരം ജനിമ്രിതികള്‍ക്ക് വിവിധങ്ങളായ സംസ്കാരങ്ങള്‍ക്ക് പോരാട്ടങ്ങള്‍ക്ക് മത പരിവര്‍ത്തനങ്ങള്‍ക്ക് അങ്ങനെ ഒട്ടനേകം സംഗതികള്‍ക്ക്  സാക്ഷ്യം വഹിച്ച ചരിത്ര നഗരി, അങ്ങനെ വെറും കാഴ്ചയായി തള്ളി കളയാന്‍  ആവുന്ന ഒന്നല്ല
 ചുണ്ണാമ്പു കല്ലില്‍ തീര്‍ത്ത ഇടിഞ്ഞതും പോളിഞ്ഞതുമായ പഴയകാല അറേബ്യന്‍ വീടുകള്‍ ഒന്ന് മുതല്‍ അഞ്ചു നിലവരെ ഉയരമുള്ള ഈ കെട്ടിടങ്ങള്‍ കൃത്യമായ അളവുകളിലോ രൂപത്തിലോ അല്ല നിര്‍മിച്ചിരിക്കുന്നത്. നാലുവരിയോളം ചുണ്ണാമ്പ് കല്ല്‌ കൊണ്ട് പടുത്തതിനു ശേഷം അതിനു മുകളില്‍ ഇന്നത്തെ ബെല്‍റ്റിനു സമാനമായ രീതിയില്‍ മരകംബുകള്‍ നിരത്തി വീണ്ടും പടുത്തുയര്‍ത്തി ഒന്നാം നില പൂര്‍ത്തിയാവുമ്പോള്‍ ഈന്തപനയുടെ തടി ക്രമത്തില്‍ അടുക്കി അതിനുമുകളില്‍  പനയോലകൊണ്ട് നിര്‍മ്മിച്ച പായ വിരിച്ചുമണ്ണിട്ട്‌  യഥാക്രമം പണിതുയര്‍ത്തുന്നു. പലതും കാല പഴക്കം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു പോയിട്ടുണ്ടെങ്കിലും ബാക്കി ഉള്ളവയെ അതിന്‍റെ പഴമ വിടാതെ തന്നെ സംരക്ഷിച്ചും പുനര്നിര്‍മിച്ചും ന്നിര്‍ത്തിയിരിക്കുന്നു .
ഒരു കുടുംബത്തിലെ തന്നെ പലശാഖകള്‍ ആണ് വിവിദ തട്ടുകളില്‍ താമസിച്ചിരുന്നത് ഇപ്പോഴും യമെനിലെ ഗ്രാമ പ്രദേശങ്ങളില്‍ ഈ  രീതിയില്‍ തന്നെയാണ് താമസം
ഹിസ്റ്റോറിക്കല്‍ വില്ലേജില്‍ ആര്‍ക്കും പ്രവേശിക്കുവാനും ഇഷ്ടം പോലെ സമയം ചിലവഴിക്കാനും പറ്റിയ ഒരു ആര്‍ട്ട് ഗ്യാലറി  എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട് കൂടാതെ ഇപ്പോള്‍ ചരിത്ര മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന  അബ്ദുല്‍ അസീസ്‌ രാജാവിന്‍റെ ഒരു ദര്‍ബാറും സൗദിയുടെ വികസന നാള്‍ വഴികള്‍ വിളിച്ചോതുന്ന ചില ചരിത്ര രേഖകളും സൂക്ഷിപ്പുകളും കാണാം യെമന്‍ ലെബനോന്‍ ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒട്ടകപുറത്ത്ഹജ്ജിനും കച്ചവട ആവശ്യങ്ങള്‍ക്കും വേണ്ടി പുറപെട്ടിരുന്ന ആളുകള്‍ ഉപയോഗിച്ചിരുന്ന മൃഗതൊലിയില്‍ ആലേഖനം ചെയ്ത റൂട്ട്മാപ്പ് ശിലയിലുംകൈപടയിലും തീര്‍ത്ത ഖുര്‍ആന്‍ തുടങ്ങി ചെറിയ ഒരു കാഴ്ചാനുഭവം ഇവിടെ ഉണ്ട്  .
ഇടയ്ക്കിടെ ജിദ്ദ മുനിസിപ്പാലിറ്റിയുടെ  മേല്‍ നോട്ടത്തില്‍ ഇവിടെ ഫെസ്റ്റിവല്‍ നടക്കാറുണ്ട് വിവിദങ്ങളായ നാടന്‍ കലാരൂപങ്ങളുടെ  അവതരണങ്ങളും സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒട്ടേറെ അറിവുകളും  ലഭിക്കും . പ്രധാനാമായും ചെങ്കടലിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം എന്നിരിക്കെ ചെങ്കടലിനെ ആശ്രയിച്ചു  തന്നെയാണ് ഈ ദേശത്ത് കാരുടെ പ്രധാന വരുമാന മാര്‍ഗ്ഗം നില നിന്നിരുന്നത് എന്ന് ഇന്നത്തെ ചരിത്ര സൂക്ഷിപ്പുകളുടെ പ്രദര്‍ശനം കണ്ടാല്‍ അറിയാം .
 പഴയ അറേബ്യന്‍ വീടുകളുടെ അകത്തളങ്ങളെ കൂടി പരിജയപെടാന്‍ ഉള്ള അവസങ്ങളും ചരിത്ര നഗരി സന്ദര്‍ശകര്‍ക്ക് ആയി ഒരുക്കിയിട്ടുണ്ട് .
ഒപ്പം ഒട്ടനേകം പുരാവസ്തുകള്‍ പ്രദര്‍ശിപ്പിച്ച സ്റ്റാളുകളും കാഴ്ചക്ക് മനോഹാരിത എന്ന് അവകാശപെടാന്‍ ഒന്നും ഇല്ലെങ്കിലും ചരിത്രത്തിന്‍റെ  കൌതുകങ്ങളെ തൊട്ടറിയാം എന്നതായിരുന്നു ഈ  വാരാന്ത്യ നടത്തത്തിന്‍റെ പരിണിത ഫലം
©കൊമ്പന്‍

 

 
പണ്ടത്തെ ഹറം സംരക്ഷണ സേനയുടെ 
വേഷഭൂഷാധികള്‍ അണിഞ്ഞ ഉദ്ദ്യോഗസ്ഥന്‍


ചെങ്കടലില്‍ നിന്ന് സുലഭമായി ലഭിക്കുന്ന മത്സ്യങ്ങളുടെ
 പ്രദര്‍ശനം എല്ലാത്തിനേം ഉണക്കി എടുത്ത് സുന്ദരമായി 
അണിയിച്ചോരുക്കിയിട്ടുണ്ട്

ഇവന്‍ ചെങ്കടലിനെ അപകടകാരിയായ
 ഒരു മത്സ്യമാണ് കാഴ്ചക്ക് മുള്ളന്‍ പന്നിയ പോലെയാണ്
 അത്രതന്നെ അക്രമ സ്വഭാവവും ഇവനുണ്ട് എന്ന് ഗൂഗിളില്‍ സാക്ഷ്യം


പഴയ ഹജ്ജ് സംഘങ്ങളുടെ യാത്ര 
രീതിയുടെ പുനര്‍നിര്‍മാണം 
ഇത്തരത്തില്‍ ഉള്ള തമ്പുകളും മറ്റു സാധന സാമഗ്രികളും
 ഒട്ടക പുറത്ത് ചുമന്നു കൊണ്ടായിരുന്നു അന്നത്തെ യാത്രകള്‍

ഒരു അറേബ്യന്‍ അടുക്കളയുടെ പ്രാചീന രൂപംഐസ്ക്രീം നിര്‍മാണ യന്ത്രം

ജനിമ്രിതികളുടെ ഭോഗാലസ്യങ്ങളുടെ ഭാരവും
 പേറി തലമുറകളോട് സല്ലപിച്ചു മണ്ണിലേക്ക് തന്നെ ഒരു മടക്കം

ഈജിപ്തില്‍ നിന്ന് മക്കയിലേക്ക് നടന്നു വന്നവരുടെ റൂട്ട് മാപ്പ് മൃഗതൊലിയില്‍


ഇന്ന് കേരള ക്കാരന് ഇത് കൌതുകമല്ല 
നാളെ നമ്മള്‍ക്കും ഇത് കൌതുകമാവും


ചുമര്‍ വിളക്കുകള്‍കാലത്തിന്‍റെ രണ്ടു കാഴ്ചാ വെതിയാനം


ഒട്ടക പുറത്ത് ഉറപ്പിക്കുന്ന ഇരിപ്പിടം

മര കപ്പികളുടെ ഒരു കാഴ്ച

ഇറാഖ് ഹജ്ജ് റൂട്ട്

ചൊവ്വാഴ്ച, മാർച്ച് 7

ഇതിഹാസ ശേഷിപ്പുകള്‍

പ്രവാസത്തിന്‍റെ പരോളില്‍ ഒഴിവു കാലത്തിന്‍റെ ഉണ്മാദാവുമായി ഉച്ചിയില്‍ ഉച്ച കത്തി തുടങ്ങിയപ്പോള്‍ ഒരു വെളിപാട് പോലെ മനസ്സ് താലോലിച്ച കൂമന്‍ കാവിലെ സ്ഥാനം മാറി മുളച്ച ആല്‍മര കൊമ്പിലിരുന്നു ഒരു കറുത്ത കാക്ക വലിയ വായില്‍ അലറി കരഞ്ഞു. റബ്ബുല്‍ ആലമീനായ തമ്പുരാന്റെയും മുത്ത് നബിയുടെയും ബദ്രീങ്ങളുടേയും ഉടയോനായ സയ്യിദ് മിയാന്‍ ഷെയ്ഖ് തങ്ങന്മാരുടെ കുതിര കുളമ്പടി വന്ന ഖസാകിന്‍റെ  മണ്ണിലേക്ക് ഒരു വിരുന്നു ചെല്ലാന്‍.


അതെ യാത്ര തസ്രാഖിലേക്ക് ആയിരുന്നു.....
അക്ഷരങ്ങളെ  പ്രണയിച്ചകാലം മുതല്‍ വായിക്കാന്‍ കൊതിച്ച ,വായിച്ച കാലം മുതല്‍ കാണാന്‍ കൊതിച്ച ഇതിഹാസത്തിന്‍റെ തിരുശേഷിപ്പുകളിലേക്ക് .
 കൂടെ സുഹൃത്തുക്കളും ഐതിഹാസിക പോരാട്ട  ചരിത്രങ്ങളുറങ്ങുന കാളികാവിന്‍റെ  വര്‍ത്തമാനകാല വിപ്ലവകാരികാളുമായ പ്രവാസിയും അരികുവല്‍ക്കരിക്കപെട്ടവര്‍ക്ക് വേണ്ടി സദാ ശബ്ദിക്കുന്ന ,എസ്റ്റാ ബ്ലിസ്റ്റ്  കുനിസ്റ്റുകള്‍ക്കതിരെ നിരന്തരകലഹം നടത്തുന്ന ഒരു ബാലസ്റ്റിക്  വലതു പക്ഷക്കാരന്‍ ബാബു .


പിന്നെ പായലിനോടും പ്യൂപ്പലിനോടും പടവെട്ടി ജീവിതം കരുപിടിപ്പിക്കുന്ന ആപ്പക്സ് അള്‍ട്ടിമ ബ്രാന്‍ഡട് ഇടതുപക്ഷവിപ്ലവകാരന്‍  സാദ്   സൂക്ഷിച്ചു നോക്കിയാല്‍ പാഷാണം ഷാജിയുടെ ലുക്കും സ്വഭാവവും ആ മുഖത്ത് വെക്തമായി കാണാം. ആകെ യുള്ള ദുശീലം പാശ്ചാത്യ ക്ലാസിക്ക് രചനകള്‍ വെള്ളം ചേര്‍ക്കാതെ  നിരന്തരം വിഴുങ്ങുന്നു എന്ന് മാത്രം .


ഒപ്പം അരിവാങ്ങാന്‍ വേണ്ടി മാത്രം രാവിലെ മുതല്‍ വൈകുന്നേരം വരേ മോട്ടോര്‍ സൈക്കിളില്‍ പശ്ചിമഘട്ടത്തിനും അറബി കടലിനും ഇടക്കുള്ള ഉത്തര ദക്ഷിണ മലബാര്‍ മുഴുവനും കറക്കം, വളഞ്ഞ റോഡിനെ എങ്ങിനെ നിവര്‍ത്താം രാത്രിയെ എങ്ങിനെ പകലാക്കാം തുടങ്ങി എന്തിലും ഓപ്പോസിറ്റ്  തിങ്കിംഗ് നടത്തുന്ന   , ഇമ്ബിച്ചി കോയ എന്ന കോയ. എക്സ് പ്രവാസി, ഫോട്ടോ ഗ്രാഫര്‍ ,പരിസ്ഥിതിപ്രേമി  സാഹിത്യപ്രിയന്‍   ,ഇത്യാദി വിശേഷണങ്ങള്‍ എല്ലാം ചേരുന്ന കാളികാവിലെ സംഭവ ഭഹുല ഭാഹുലേയന്‍ .

പിന്നെ നിഷ്കളങ്ക  നിര്ദോഷ   നിര്‍ഗുണ നിരര്‍ത്ഥകനായ വിനീതനും .അതെ കൂമന്‍ കാവിന്റെ വിപ്ലവകാരി നൈജാമാലിയുടെ സ്മൃതിവിശാലതയിലേക്ക് ശകടം തിരിക്കുമ്പോള്‍ മെയ്‌ന്‍ കാംഫിലെ ഹിറ്റ്‌ലറും വര്‍ത്തമാന കാല പുനരവാതാരം പോലെ മോദിയും നോട്ടും ചില്ലറയും ഗള്‍ഫ് പ്രതിസന്ധിയും ബഷീറും എംടിയും മഞ്ഞും രണ്ടാമൂഴവും നട്ട പാതിരക്ക് പെരിച്ചാഴിയോളം പോന്ന കണ്ടിയിട്ട പ്രജാപതിയും ആടുജീവിതവും കുഞ്ഞിക്കയും സ്മാരക ശിലയും കന്യാവനവും കാളികവിന്റെ പുഴയും കയ്യേറ്റവും ചേറുംബിന്റെ ദ്രിഷ്ടാന്തവും തരാതരം  പോലെ ഞങ്ങള്‍ക്കിടയിലൂടെ കയറി ഇറങ്ങി ദൂരത്തെ ലഘൂഘരിച്ചു .ഒപ്പം മാജിക് മൊമെന്റുകള്‍ സൃഷ്ടിക്കുന്ന  ദി  റഷ്യന്‍ ക്രൂഷിചേവ്  എക്സ്ട്രാ ഓര്‍ഡിനറി ഫൈര്‍

ഷെയ്ഖ് തങ്ങളുടെ വയസ്സന്‍ പാണ്ടന്‍ കുതിരക്ക് തുണയായ പടച്ചവന്‍ തുണയില്‍ എന്റെ ശകടവും കൂമന്‍ കാവിലെ ആല്‍മരച്ചുവട്ടില്‍ എത്തി . രവിയെ പോലെ എനിക്കോ എന്റെ സഹയാത്രികര്‍ക്കോ ആ സ്ഥലം പരിചിതമായി തോന്നിയില്ല  .ഏറുമാടങ്ങള്‍ക്കും ചെറിയപീടികള്‍ക്കും നടുവില്‍ ഒരു ദശാസന്ധിപോലെ അവസാനിക്കുന്ന വെട്ടുവഴികള്‍ ഇന്നവിടെ അവസാനിക്കുന്നില്ല . അനാദിയായ ദൂരത്തേക്ക് അനന്തമായി നീണ്ടു കിടക്കുന്ന ടാര്‍ റോഡുകള്‍ ആണ് . 

തണ്ണീര്‍ പന്തല്‍ എന്ന നാമത്തില്‍ ചെറു പീടികകളുടെ വലിയ എണ്ണവും റോഡിനെ നടുകെ മുറിച്ച് തെളിനീരും കൊണ്ട് പോകുന്ന മലബുഴ ഡാമിന്റെ കൈവഴിയും  .

വണ്ടിയില്‍ നിന്നറങ്ങി തെളിഞ വെള്ളത്തില്‍  കയ്യും മുഖവും കഴുകിയപ്പോള്‍ രവിയുടെ പെട്ടി ചുമന്ന ചുമട്ടു കാരനെ ഓര്‍ത്തു

മലമ്പൊഷ കെട്ടി വെള്ളം തിരിക്കണ് ണ്ട് ന്നൊക്കെ പറയണ കേട്ടൂ ഇല്ലാത്ത മഷനെ മനുഷ്യന്‍ കൂട്ട്യാ കൂടോന്നും കുട്ടീ ?

മനുഷ്യനും ദൈവവും നടന്ന ബലാബലത്തില്‍ ചുമട്ടുകാരന്റെ ദൈവത്തെ മനുഷ്യന്‍ തോല്‍പ്പിച്ചിരിക്കുന്നു മലമ്പുഴ അണയിലെ  വെള്ളം മാത്രമല്ല ഉരുണ്ടു കൂടുന്ന മേഘത്തെ യന്ത്രപറവകള്‍ ആട്ടി ഓടിക്കുന്നതും പെയ്യാന്‍ മടിക്കുന്ന മഴയെ യന്ത്ര പറവകള്‍ മാടി വിളിക്കുന്നതും വര്‍ത്തമാന കാലത്തിന്‍റെ ശാസ്ത്ര  സാക്ഷ്യം .കൂമന്‍ കാവിലെ സ്ഥാനം തെറ്റി മുളച്ച  ഇന്നത്തെ ആലിന് സലാം കൊടുത്ത് വണ്ടി ഇട റോഡിലേക്ക് തിരിഞ്ഞു  . പാലകാടന്‍ ഭൂപ്രകൃതിയുടെ  സുന്ദര കാഴ്ചകളില്‍ ഞാറ്റു പുരയുടെ കാഴ്ച്ച മറന്നു  കൊണ്ട് വണ്ടി അള്ളാപിച്ച മൊല്ലാക്കയുടെ ഒത്തു പള്ളിക്ക് മുമ്പില്‍ ബ്രേക്കിട്ടു .
നെല്‍പാടങ്ങളെ തഴുകി വന്ന കാറ്റിന്റെ മര്‍മരത്തില്‍ ചിതലിയുടെ മിനാരങ്ങളില്‍ തട്ടി   അള്ളാ പിച്ചാ മൊല്ലാക്കയുടേയും റാവുത്തന്‍ കുട്ടികളുടെയും. അള്ളാ തിരുപേരും സ്തുതിയും സ്വലവാത്തും അതിനാല്‍ തുടങ്ങുവാന്‍ വിധി ചെയ്ത ബേധാമ്പര്‍  എന്ന ഇതിഹാസത്തിന്റെ  ഈരടികള്‍ കാതില്‍ മുഴങ്ങി .കാറ്റിന്റെ മര്‍മരത്തിനോട്  അതുക്ക് പൊരുളും ചോദിച്ചു മനസ്സും ശരീരവും കുളിര്‍പ്പിച്ചു പള്ളി വരാന്തയില്‍ ഇരുന്നു. ദശ ലക്ഷകണക്കിന് അണുരൂപികളായ ആത്മക്കാളായി അര്‍ബുദം അള്ളാപിച്ചാ മൊല്ലാക്കയില്‍ യാത്ര ആരംഭിച്ചപ്പോള്‍ ഖാസാക്കിന്റെ  വിപ്ലവകാരി നൈജാമാലിയുടെ ബാങ്ക് വിളിക്കായ് കാത്തിരുന്ന പള്ളിയില്‍ ഞങ്ങളും കുറച്ചു നേരം കാത്തിരുന്നു രാവിയുടെ നാസികയിലൂടെ തുളച്ചു കയറിയ ജമന്തി മണവും കാതോര്‍ത്ത് .
ഒന്ന്  മൂത്രശങ്ക തീര്‍ത്ത് നേരെ അറബി കുളത്തിനടുത്തേക്ക് നടന്നു. പായല്‍ മൂടി പച്ചപ്പിന്റെ പരവാതാനി പോലെ ഇതിഹാസത്തിന്റെ ശേഷിപ്പുമായി സുന്ദരികളായ മൈമൂനയും ആബിദയും കുളിച്ചു കയറിയ കുളികടവ് ജരാനരാബാധിച്ച  ഒരു വൃദ്ധയെ പോലെ ഊര്‍ദ്ധ ശ്വാസം വലിക്കുന്നു .
തിരിച്ചു നടന്നു  നേരെ ചെന്ന് കയറിയത്  രതിയുടെ സ്ലാതാക്ഷരങ്ങള്‍ ഇറ്റി വീണ ഞാറ്റു പുരയിലേക്ക്. അനാധിയായ കാലത്തേക്ക് മര്‍ത്യ മനസ്സില്‍ അക്ഷര സ്മാരകം തീര്‍ത്ത ഇതിഹാസകാരന്‍ തന്റെ വെട്ടി ഒതുക്കാതെ താടിയുമായി ചുവരിലിരുന്നു  ഞങ്ങളെ രൂകഷമായോന്നു നോക്കി .മനസ്സ് കൊണ്ട് സമ്മതം ചോദിച്ചു  ഞാറ്റുപ്പുരയുടെ ഇന്നിന്റെ കാവല്‍ക്കാരന്‍  മജീദ്‌ ക്ക ഞങ്ങളെ അകത്തേക്ക് നയിച്ചു .
ഇതിഹാസത്തിന്റെ കഥാബീജം ഉറവ എടുത്ത ഞാറ്റുപുരയുടെ അരണ്ട വെളിച്ചത്തിലേക്ക് കാലെടുത്തു വെച്ചപ്പോള്‍  അപ്പു കിളിയും തുമ്പികളും ഓര്‍മയുടെ മുറ്റത്ത് ഓടി കളിച്ചു . അക കാഴ്ചകള്‍ കണ്ടു സ്മ്രിതികളില്‍ വിഹരിക്കേ ടൈല്‍ വിരിച്ച മുറ്റത് നിന്ന് കലി തുള്ളുന്ന കോയയെ കണ്ടു .
ഇതിഹാസ തിരു ശേഷിപ്പില്‍ വെള്ളം ചേര്‍ത്ത് മുറ്റത്ത് വിതാനിച്ച ടൈല്‍  കഷ്ണങ്ങളോട് ആണ് കലിപ്പ് അത്രയും , ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ക്രൂശിച്ചേവ് വിപ്ലവകാരി ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് പ്രതിഷേധം അത്രയും ഖസാക്കിന്റെ ഇന്നത്തെ കാവലാള്‍ മജീദ്‌ ക്കയെ വാക്കുകള്‍ കൊണ്ട് അറിയിക്കുന്നുണ്ട് .


വാഗ്വാദങ്ങള്‍ക്ക് ബാബുവിനേയും സാദിനെയും വിട്ടു  ഞാനും മജീദ്‌ ക്കയും

സംസാരത്തില്‍ മുഴുകി  പുളിയും പുളിമരത്തിലെ ചോതിയും അന്വേഷിച്ച എനിക്ക് മുമ്പില്‍ മുറ്റത് ഉണക്കാന്‍  ഇട്ട വാളന്‍ പുളി ചൂണ്ടി പുളിയുടെ  സ്ഥാനം മജീദ്ക്ക കാണിച്ചു തന്നു .


അത് കഴിഞ്ഞു മജീദ്‌ക്ക ശ്മശാനക്കര പള്ളിയിലേക്ക് വിരല്‍ ചൂണ്ടി പള്ളികാട് കാണിച്ചു തന്നു .
ദൂരെ  ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ക്ക് അപ്പുറത്ത് കാടുമൂടിയ പള്ളികാട് .അപ്പോഴാണ്‌ മുങ്ങാന്‍ കോഴി കുപ്പുവച്ചന്‍ കള്ളുകാച്ചിയ ചാരായവുമായി ഓര്‍മകളിലേക്ക് നടന്നു കയറിയത് . റഷ്യന്‍ വോട്ക്ക യുടെ കാലത്ത് സൗകര്യം പോലെ ഞാന്‍ കുപ്പുവച്ചനെ മറന്നു .
തസ്രാക്ക് ബാക്കി വെച്ച ചരിത്രത്തിലേക്ക് നടന്നു പന്ത്രണ്ടു പള്ളികള്‍ തസ്രാക്കില്‍ നശിച്ചു പോയെന്ന മജീദ്‌ക്കയുടെ സാക്ഷ്യം കഥാപാത്രങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള  സത്ത്യവും മിത്തും  മജീദ്‌ക്ക വാചാലാമായപ്പോള്‍  ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന കഥാ പാത്രം മൈമൂന എന്ന പാത്ത്വാമാമയെ അന്വേഷിച്ചു  നിര്‍ഭാഗ്യം അവര്‍ കോയമ്പത്തൂര്‍ ആണെന്ന് നിരാഷയൂറും  മറുപടി .
കഥാപാത്രങ്ങള്‍  ജീവനോടെ ത്സ്രാക്കിന്റെ മുറ്റത്ത് ഇല്ലെങ്കിലും ഞാറ്റുപ്പുരയുടെ മുറ്റത് ശിലയില്‍ തീര്‍ത്ത ശില്പ്പങ്ങളായി എല്ലാവരും

എന്നെ തുറിച്ചു  നോക്കുന്നുണ്ടായിരുന്നു

രാമായണം ഭാരതം തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് ശേഷം ആദ്യമായി കരിങ്കല്ലില്‍ തീര്‍ത്ത  നൂറ്റി ആറു  ശില്‍പ്പങ്ങള്‍ അടങ്ങിയ ശില്‍പ്പ ഇതിഹാസത്തെ വായിച്ചു  . ഒപ്പം ശില്‍പ്പികള്‍  ആയ  ആളുകളെ കുറിച്ച് അന്വേഷിച്ചു
ഇരിങ്ങാലക്കുടക്കാരനായ വി.കെ. രാജന്‍, മുണ്ടക്കയം സ്വദേശി പി. എച്ച്. ഹോചിമിന്‍, കോഴിക്കോടുകാരായ ജോണ്‍സ് മാത്യൂ, ജോസഫ് എം. വര്‍ഗീസ് എന്നിവരാണ് ഇതിഹാസ നോവല്‍ ശില്‍പ്പങ്ങളാക്കിയത്.
. കഥാപാത്രങ്ങളെയെല്ലാം പോര്‍ട്രെയ്റ്റ് ശില്‍പ്പങ്ങളായാണ് നിര്‍മിച്ചിരിക്കുന്നത്.അത്രയേറെ നെഗറ്റീവ് ആയിട്ടും അരാജക ജീവിതമായിട്ടും വായനക്കാരന്‍റെ മനസ്സില്‍ നായക പരിവേഷവുമായി മുന്‍ജന്മ സുഹൃത്തിനെ പോലെ എന്നെ തുറിച്ചു നോക്കുന്ന രവിയും സ്നേഹിക്കുന്നവന് ഉയിരും അവഗനിക്കുന്നവരോട് സഹതാപവും കാണിച്ച അള്ളാ പിച്ച മൊല്ലാക്കയും കല്‍ ശില്‍പ്പങ്ങളില്‍ തെളിമയോടെ നില്‍ക്കുന്നു
 ഇലകളുടെ മര്‍മരം കാതോര്‍ക്കുന്ന കുഞ്ഞാമിന, ജട കെട്ടിയ നൈസാമലി, അപ്പുക്കിളി, അറബിക്കുളത്തില്‍ നീരാടുന്ന മൈമുന, മാധവന്‍ നായര്‍, ആബിദ, ഓന്തും തുമ്പിയുമായി ക്ളാസിലെത്തിയ കുട്ടികള്‍ തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാമുണ്ട്.
സര്‍പ്പദംശനമേല്‍ക്കുന്ന രവിയുടെ പാദംമുതല്‍ സെയ്യദ്മിയാന്‍ ഷെയ്ഖിന്റെ പാണ്ടന്‍ കുതിര, നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കള്‍, കരിമ്പനപ്പൊത്തില്‍നിന്നു തല നീട്ടുന്ന പാമ്പ്, കള്ളുകുടം, അള്ളാപ്പിച്ചാമൊല്ലാക്കയുടെ റാന്തല്‍, കുട, പനചെത്തുന്ന കത്തി, സെയ്യദ്ദ്മിയാന്‍ ഷെയ്ഖ് തുണൈ ബീഡി, രവിയുടെയും മൈമുനയുടെയും ബന്ധത്തിന്റെ പ്രതീകംവരെ ശിലാതിഹാസങ്ങളായി മാറിയിരിക്കുന്നു.
മൈമുനയുടെയും കുഞ്ഞാമിനയുടെയും നൈസാമലിയുടെയും മൂന്നു ശില്‍പ്പങ്ങള്‍ വീതമുണ്ട്. ബാക്കിയെല്ലാ കഥാപാത്രങ്ങളെയും കോര്‍ത്തിണക്കുന്ന കണ്ണിയായ രവിയുടെ ശില്‍പ്പം അബ്സ്ട്രാക്റ്റാണ്. നൈസാമലിയുടെ രൂപമാറ്റം ശില്‍പ്പങ്ങളില്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ഖസാക്കിന്റെ ജീവപ്രപഞ്ചം മുഴുവന്‍ ഉള്‍ക്കൊണ്ടാണ് ശില്‍പ്പനിര്‍മാണം. പരല്‍മീന്‍ കൊക്കിലൊതുക്കിയ മഞ്ഞക്കിളി, വവ്വാല്‍, പല്ലി, കാലന്‍കോഴി, പാറ്റ, തുമ്പികള്‍, മയില്‍ തുടങ്ങിയവയ്ക്കും ശില്‍പഭാഷ നല്‍കിയിട്ടുണ്ട്.
ശില്‍പ്പോ തിഹാസവും വായിച്ചു  .അക്ഷര ഇതിഹാസം വായനക്ക്  സമ്മാനിച്ച സെമിയേയും  മനസ്സില്‍ ഓര്‍ത്ത് ഇരുട്ടിനെ വകഞ്ഞു മാറ്റി കൂമന്‍ കാവും കടന്നു ഞങ്ങള്‍ തിരിച്ചു നടന്നു .
അക്ഷരം തീര്‍ത്ത സ്മാരകങ്ങളെ  മറികടക്കാന്‍ സര്‍ക്കാര്‍ തീര്‍ക്കുന്ന പാതിവഴിയില്‍ ആരോ ഉപേക്ഷിച്ച പോലുള്ള സര്‍ക്കാര്‍ സ്മാരക മന്ദിരത്തെ  രൂകഷതയോടെ ഒന്ന്‍ നോക്കി കൊണ്ട് . 
©കൊമ്പന്‍

വെള്ളിയാഴ്‌ച, സെപ്റ്റംബർ 2

*സൂറാന്‍റെ കിനാവും കുഞ്ഞുണ്ണിയുടെ അദാബും

രാത്രിയുടെ അവസാന യാമത്തിലുണര്‍ന്നു മണ്ടമ്മേല്‍ ഹെഡ് ലൈറ്റും വെച്ച് ഉളികത്തിയുമേന്തി ജിന്നിനേം ശേയ്ത്താനേം പേടിക്കാതെ റബ്ബര്‍ തോട്ടത്തിലേക്ക് ടാപ്പിംഗ് ജോലിക്ക് പോകുന്ന കുഞ്ഞുണ്ണി എന്ന ചേക്ക് മമ്മദിന് ഊണിലും ഉറക്കത്തിലും ഒരൊറ്റ വിജാരമേ ഉണ്ടായിരോന്നോള്ളൂ .... എങ്ങിനെ എങ്കിലും ഒരു പാസ്പോര്‍ട്ടും ഒപ്പിച്ചു ഗള്‍ഫിലേക്ക് കടക്കണം എന്നിട്ട് കുറേ കാശും ഉണ്ടാക്കി ശുജായി ആയി വന്ന് ഒരു പെണ്ണും കെട്ടി വാര്‍പ്പിന്‍റെ വീടും വെച്ച് ഒരു സുഖ ജീവിതം നയിക്കണം .
ഈ അറേബ്യന്‍ മോഹം കുഞ്ഞുണ്ണിയുടെ മനസ്സിലേക്ക് വെറുതെ കേറി കൂടിയ ഒന്നല്ല. അതിന് തക്കതായ ഒരു കാരണം ഉണ്ട്, ഈരണ്ടു കൊല്ലം കൂടുമ്പോള്‍ ഹലാക്കിന്‍റെ പെട്ടിയും പെട്ടിയോളം വലിപ്പമുള്ള വയറും കൊണ്ട് വീമാനമിറങ്ങി വരുന്ന കുഞ്ഞിഖാദര്‍ ആണ് . കുഞ്ഞുണ്ണിയുടെ നിഷ്കളങ്ക നിഷ്ക്രിയ നിര്‍വികാര നിര്‍ദോഷ മനസ്സില്‍ ഇങ്ങനെയൊരു കിനാവിന്‍റെ വിത്ത് മുള പൊട്ടാന്‍ ഉള്ള പ്രചോദനം .
രണ്ടു കൊല്ലം കൂടുമ്പോള്‍ ആറുമാസത്തെ പരോളിനു അത്തറും പൂശി നാട്ടിലേക്ക് വരുന്ന അയല്‍വാസി പ്രവാസിയുടെ ഫോറിന്‍ മണവും നീളം കൂടിയ സിഗരെറ്റിന്‍റെ കുളൂസും പിന്നെ വീട്ടിലേക്ക് വരുന്ന ബന്ധുക്കാരുടേയും സ്വന്തക്കാരുടെയും മുന്നില്‍ ഇന്ത്യഗേറ്റ് കണക്കെ തുറക്കുന്ന ഹൃദയത്തിന്‍റെ ആ ഉദാരതയും കണ്ടാല്‍ ആര്ക്കാ ഇങ്ങനെ ഒരു പൂതി വരാതിരിക്കുക .കുഞ്ഞിഖാദറിന്‍റെ അത്തറിനു ആറുമാസത്തെ ആയുസ്സേ ഒള്ളൂ എന്ന് പാവം കുഞ്ഞുണ്ണിക്ക് അറിയില്ലല്ലോ ...?
കൊല്ലം രണ്ടുമൂന്നെണ്ണം വള്ളിപാല്‍ (ഒട്ടുപാല്‍ )പോലെ നീണ്ടും വലിഞ്ഞും ചുരുങ്ങിയും പോയെങ്കിലും കുഞ്ഞുണ്ണിയുടെ ഗള്‍ഫ് കിനാവ്‌ ഖബൂലായി.
ഗള്‍ഫിലെത്തിയ ആദ്യ ആഴ്ചയില്‍ തന്നെ യുണ്ടായ ഒരു പുരോഗതി എന്താന്നു വെച്ചാല്‍ ഔദോഗികമായി ചേക്ക്മമ്മദ് എന്ന നാമത്തില്‍ അറിയപെട്ടിരുന്ന കുഞ്ഞുണ്ണിക്ക് ഇഖാമ എന്ന താമസ രേഖ കയ്യില്‍ കിട്ടിയപ്പോള്‍ പേരിനൊരു മാറ്റം വന്നിട്ടുണ്ട് ചേക്ക്മമ്മദ് ഷെയ്ഖ്മുഹമ്മദ്‌ ആയിട്ടുണ്ട്‌. ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള മലയാളികള്‍ അല്ലാത്ത സകല മനുഷ്യന്മാരും ഇപ്പൊ അവനെ യാ ഷെയ്ഖ്‌ എന്നാ വിളിക്കുന്നത് തന്‍റെ പേരു മാറ്റത്തില്‍ ആദ്യമാദ്യം ചെറിയ ഒരു ദഹന കേടു തോന്നിയിരുന്നെങ്കിലും ഇപ്പൊ കുഞ്ഞുണ്ണി ഹാപ്പിയാ..... കാരണം? ഇപ്പോളാ..... പേരിനൊരു തറവാടിത്തം ഫീല്‍ ചെയ്തത്.
അങ്ങനെ കൊല്ലം കുറേ നാട്ടിലുള്ള വീട്ടുകാരേയും കിടക്കയിലുള്ള മൂട്ടകളേയും തലയ്ക്കു മുകളിലുള്ള സ്പോന്‍സറേയും പോറ്റി ജീവിച്ചു അതിനിടയില്‍ സൂറാബി എന്നൊരു ഹൂറിയെയും സ്വന്തമാക്കി. പഴയ കിനാവില്‍ ബാക്കി നില്‍ക്കുന്ന വാര്‍പ്പിട്ട വീടും വെച്ചു താമസവും തുടങ്ങി . വല്യ കടമോ ബാധ്യതയോ ഇല്ല എടുത്തു പറയാന്‍ മാത്രം നീക്കിയിരിപ്പുമില്ല. ആകെ മൊത്തത്തില്‍ പറഞ്ഞാല്‍ അല്ലല്ലും അലമ്പും ഇല്ലാതെ ജീവിച്ചു പോകാം എന്നൊരു അവസ്ഥ .
അപ്പോഴാണ്‌ ഹൂറി സൂറാക്ക് ഒരുപൂതി. തൊട്ടവീട്ടിലെ കുത്സു, എളേമ്മയുടെ മോള്‍ ഹസീന, അമ്മയിന്‍റെ മോള്‍ ജമീല തുടങ്ങിയ സ്ത്രീജനങ്ങളൊക്കെ ഗള്‍ഫിലുള്ള പുയാപ്ലമാരുടെ അടുത്തേക്ക് വിസിറ്റിംഗ് വിസയും അടിച്ചു മധുവിധുവിന്‍റെ മധുരമനോക്ഞ്ഞ സ്വപ്നവുമായി പറ ന്ന കഥ ഒരു പരിഭവമായി പറഞ്ഞത് . മാത്രമല്ല ഷെയ്ഖ്മുഹമ്മദ്‌ എന്നകുഞ്ഞുണ്ണിയുടെ മാതാജി ഇടക്കിടക്ക് അമ്മായിയമ്മയുടെ ദുര്‍മുഖം പുറത്തെടുക്കുന്നുമുണ്ട് . അല്ലെങ്കിലും മൊഞ്ചത്തി ആയ സൂറക്ക് തഞ്ചത്തില്‍ കാര്യങ്ങള്‍ പറയാന്‍ ഒരു വല്ലാത്ത കഴിവാണ് .
തന്‍റെ പാതി പതിവില്ലാതെ കൊണ്ട് വന്ന വിസ്റ്റിംഗ് എന്ന പ്രമേയം കുഞ്ഞുണ്ണി പാസാക്കി നേരെ ഫോണില്‍ തോണ്ടി ഉമ്മക്കും അമ്മായിമ്മാക്കും വിളിച്ചു . കുഞ്ഞുണ്ണി യുടെ ഉമ്മാക്ക് ആ തീരുമാനം അത്ര പിടിച്ചില്ലെങ്കിലും മകന്‍ മാത്രമല്ല മരുമകളും ഗള്‍ഫില്‍ ആണെന്ന് പറഞ്ഞു ഇത്തരി പൌറും പത്രാസും കൂടുതല്‍ കാണിക്കാലോ....? എന്ന ഒറ്റ കാരണത്തില്‍ ഉമ്മയും സൂറയുടെ പ്രമേയം ശരിവെച്ചു ഇക്കൊല്ലത്തെ ആദ്യരാത്രി ഗള്‍ഫില്‍ തന്നെ (ഒന്നില്‍ കൂടുതല്‍ തവണ ആദ്യ രാത്രി അനുഭവിക്കാന്‍ പ്രവാസിക്കും പ്രവാസിയുടെ ഭാര്യക്കും മാത്രമേ ഭാഗ്യമൊള്ളൂ )
ഭാര്യയെ വിസിറ്റിങ്ങിനു കൊണ്ട് വരുന്ന കാര്യം സഹമുറിയന്‍മാരോട് പങ്കു വെച്ചു . എല്ലാവരോടും ഫ്ലാറ്റ് അന്വേഷിക്കാന്‍ ആവശ്യപെട്ടു എട്ടുമണിക്ക് എണീറ്റിരുന്ന കുഞ്ഞുണ്ണി ആറുമണിക്ക് എണീറ്റ് രാവിലെ രണ്ടു മണിക്കൂര്‍ വിസ ഉണ്ടാക്കാന്‍ ഓടും. വൈകീട്ട് നാല് മണിക്കൂര്‍ ഫ്ലാറ്റ് തപ്പി നടക്കും ഒടുക്കം ഫ്ലാറ്റും വിസയും റെഡിയായി. തീര്‍ന്നില്ല ,ഫ്ലാറ്റിലേക്ക് അടുപ്പ് ഗ്യാസ് അലമാര കട്ടില്‍ കിടക്ക വിരിപ്പ് പുതപ്പ് തുടങ്ങിയവ സംഘടിപ്പിക്കാന്‍ ഒരാഴ്ച വീണ്ടും ഓടെടാ ഓട്ടം എന്നിട്ടും കഴിഞ്ഞില്ല പ്രവാസം തുടങ്ങിയ അന്ന് മുതല്‍ സ്വന്തം ഡ്രസ്സ്‌ ബക്കെറ്റില്‍ ഇട്ടു വെള്ളവും സോപ്പ് പൊടിയും ഇട്ടു ബക്കറ്റിലേക്ക് കയറി നിന്ന് മുക്കാലാ .... മുക്കാബിലാ... പാട്ട് പാടി ബ്രേക്ക് ഡാന്‍സ് കളിക്കുംബോലെ ചവിട്ടി അലക്കിയിരുന്ന കുഞ്ഞുണ്ണി സൂറാനോടുള്ള മുഹബത്ത് ഒന്ന് കൊണ്ട് മാത്രം ഒരു വാഷിംഗ് മെഷീനും വാങ്ങി .
എവരിബടി ഓക്കെയാക്കാനുള്ള ഓട്ടത്തിനിടയില്‍ തടിച്ച കൊഴുത്ത കുഞ്ഞുണ്ണി എവെരിടെ ബാറ്ററി പരസ്യത്തിലെ പൂച്ചയുടെ ലുക്ക്‌ ആയി .
അങ്ങനെ സൂറ വന്ന് ആദ്യരാത്രി കഴിഞ്ഞു ആദ്യത്തെ ഒരുമാസം കുഞ്ഞുണ്ണി ഉണരും മുമ്പേ സൂറ ഉണരും തനിക്കായി ത്യാഗ സമ്പൂര്‍ണ്ണമായ ജീവിതം നീക്കി വെച്ച പ്രിയതമന് സ്നേഹം ചാലിച്ച നൈസ് പത്തിരിയും ചിക്കന്‍ കറിയും റെഡിയാക്കും പല്ല് തേക്കാനുള്ള ബ്രെഷ് വരേ എടുത്തു കയ്യില്‍ കൊടുക്കും. ഒരു മാസം കഴിഞ്ഞപ്പോ പത്തിരി പുട്ടിനും കടലക്കും വഴിമാറി വീണ്ടും ഒരുമാസം കഴിഞ്ഞപ്പോ പുട്ടും കടലയും വെള്ളപ്പത്തിനും ചട്ട്നിക്കും വഴിമാറി അപ്പോഴേക്ക് വിസ മൂന്നു മാസത്തിനു വീണ്ടും പുതുക്കി വെള്ളപ്പം ഉപ്പുമാവിനും ഉപ്പുമാവ് ബ്രെഡ്നും ജാമിനും വഴി മാറി. ബ്രേക്ക് ഫാസ്റ്റ് ന്‍റെ മെനു മാറുന്നതിനു അനുസരിച്ച് സൂറാബിയുടെ സ്നേഹം ചാലിക്കലും കുറഞ്ഞു രാവിലെ ഉണരുന്നതിന്‍റെ മുഷിപ്പ് മുഖത്ത് വരാന്‍ തുടങ്ങി
വിസ ഒരു മൂന്നു മാസത്തേക്ക് കൂടി പുതുക്കി . പത്തിരി പോയിട്ട് അരിമണി വറുത്തത് പോലുമില്ല. പ്രാതല്‍മാത്രമല്ല ഉച്ചക്കും വൈകീട്ടും ഒക്കെ പാര്‍സല്‍. .എന്നും രാവിലെ എണീറ്റ് ബൂഫിയയില്‍ പോയി സാന്ഡ്വിച്ചു വാങ്ങി കഴിക്കേണ്ട അവസ്ഥ ആയി. ആ സാന്ഡ് വിച്ചില്‍ കുഞ്ഞുണ്ണി കണ്ടെത്തിയ ഒരേ ഒരു ആശ്വാസം... സൂറാന്‍റെ ആ ദേഷ്യം പിടിച്ച മോന്ത കാണണ്ട...! മാത്രവുമല്ല രണ്ടു റിയാല് പോയാലും ബൂഫിയ കാക്കാന്‍റെ ചിരിക്കുന്ന മുഖത്തോടെ പ്രഭാത ഭക്ഷണം കഴിക്കാലോ അതൊരു വല്ലാത്ത ആശ്വാസമാ..... കൂടെ ഒരു നെടു വീര്‍പ്പും . 

©കൊമ്പന്‍
****കഥയും കഥാപാത്രങ്ങളും മരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ യാതൊരു ബന്ധവുമില്ല ജീവിച്ചിരിക്കുന്നവരുമായി മാത്രമേ ബന്ധമൊള്ളൂ ..*******

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12

ധാ... ധിം...! ദിന്നാ...

ഭാവിയെ കുറിച്ച് ആധികളില്ലാതിരുന്ന ഭൂതകാല സായാഹ്നങ്ങളിലേക്ക് ഓര്‍മ്മകള്‍ ഒഴുകിനീങ്ങുമ്പോള്‍
നിനക്കും എനിക്കും ഉസ്താദിനെ കുറിച്ച് പറയാം .
ഭൂതത്തേയും ഭാവിയേയും വെട്ടിമാറ്റി വര്‍ത്തമാനത്തില്‍ അഭിരമിച്ച ആ ... ആര്‍ദ്രരാവുകളെ ഓര്‍ത്തെടുക്കാം

ചൊവ്വാഴ്ച, ജൂലൈ 26

ഒലക്കമ്മലെ പടച്ചോനും പോക്കരെ പകയും


അന്നത്തെ കാലമല്ല ഇന്ന് ഇന്നത്തെ കാലമല്ല അന്ന്. കഞ്ഞി വെക്കാന്‍ അരിയില്ല മന്‍സാ .... എന്ന് അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞ കുഞ്ഞി പാത്തുവിനോട് അരിയില്ലെങ്കില്‍ പാത്തൂ നെയ്ച്ചോര്‍ വെച്ചളാ ഇജ്ജ്.., എന്നും പറഞ്ഞു മുച്ചൂണ്ടി പോക്കര്‍ വീടിനു ഇറയില്‍ കഴുകി തൂക്കിയ കൈകോട്ടും എടുത്ത് തൊടിയിലേക്ക്‌ ഇറങ്ങി.

തിങ്കളാഴ്‌ച, മാർച്ച് 21

ഡിങ്കന്‍ കോപ്രായങ്ങള്‍ക്കപ്പുറം എന്ത് ...?

കാലമതിന്റെ പ്രയാണം പ്രതിബന്ധങ്ങള്‍  ഇല്ലാതെ  മുന്നോട്ട്  നീങ്ങവേ  കാലത്തോളം തന്നെ  പഴക്കമുള്ള  പുതിയ  വാക്കാണ്  ന്യൂ ജനറേഷന്‍ അഥവാ  പുതുതലമുറ എന്ന വാചകം,  എക്കാലത്തും ഈ വാചകത്തെ പ്രതിനിധാനം  ചെയ്യുന്ന ക്ഷുഭിതയൌവനങ്ങളേയും കൌമാരങ്ങളേയും    അപക്വമതികള്‍ തെറ്റായ രീതിയില്‍ ജീവിക്കുന്നവര്‍  എന്ന  കുറ്റ പെടുത്തലുകള്‍ തലമുറകള്‍  മാറി  മാറി പറഞ്ഞു  കൊണ്ടേയിരിക്കുന്നു  അല്‍പ്പം ശരിയും ശരികേടും ഈ ആവര്‍ത്തന ചക്രത്തില്‍ ഉണ്ട്  .

LinkWithin

Related Posts Plugin for WordPress, Blogger...