ബുധനാഴ്‌ച, മേയ് 1

പെരുകുന്ന പീഡനവും ഉരുകുന്ന വീടകവും


ആകെലോക ദുനിയാവിന്‍റെ വന്‍കരകളില്‍ നിന്ന്   അറബിക്കടലിലേക്ക് ത്രികോണ ഷേപ്പിലിറങ്ങിപ്പോയ നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് നിന്നും ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകളത്രയും   പീഡനങ്ങളുടെ  ഞെട്ടിപ്പിക്കുന്ന കഥകളാണ് . ഒരു പെണ്കുട്ടിയുടെയെങ്കിലും  അപ്പനാകാന്‍ ഭാഗ്യം ലഭിച്ച എന്നെപ്പോലെയുള്ള സകല തന്തമാരുടേയും ഉളളില്‍  ആധിയുടെ വിങ്ങല്‍ കുടികൊള്ളാന്‍ തുടങ്ങീട്ടു കാലം കുറേയായി . ഇന്നല്ലങ്കില്‍ നാളെ ഇതിനൊരു പ്രതിവിധി ആവുമെന്ന പ്രതീക്ഷയോടെ കണ്ണുംനട്ട്, കെട്ടിയ കണ്ണുമായി നീതിയുടെ തുലാസും തൂക്കിനില്‍ക്കുന്ന നീതിദേവതയുടെ പാദാരബിംബങ്ങളിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങീട്ട്  കാലം 'ഇമ്മിണി' ആയെങ്കിലും ഒരു ചലനവും സംഭവിച്ചിട്ടില്ല.  ഇനി സംഭവിക്കുമെന്ന് പ്രതീക്ഷയും ഇല്ല .! എങ്കിലും ചില ആശങ്കകള്‍ പങ്കുവെക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ ...


പീഡനം എന്ന് പറയുന്ന  മനുഷ്യനും മൃഗത്തിനും ഭൂഷണമല്ലാത്ത ഈ ആഭാസത്തരം  ലോക പിറവി തൊട്ടുതന്നെ ഈ ഭൂമിയില്‍ ഉണ്ടെന്നാണ് ക്കേട്ടുകേള്‍വി  അതുതന്നെ പല തരത്തിലുമുണ്ട് .  സ്ത്രീ പീഡനം , ലൈംഗീക പീഡനം ,മാനസിക പീഡനം , ഗാര്‍ഹിക പീഡനം തുടങ്ങി ഇനി പേരിടാന്‍ കിടക്കുന്ന പീഡനങ്ങള്‍ വേറെയും അനവധി .
ഇതിലിന്ന് സര്‍വ്വവ്യാപിയും  ഏറെ അപകടകാരിയുമായ  ഒന്നാണ്  ലൈംഗീകപീഡനം.  ഇണയുടെ അനുമതിയില്ലാതെ  ലൈംഗീകതയിലേര്‍പ്പെടുന്ന , അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുന്നരീതിഎന്നത് ... പണ്ട് കാലങ്ങളില്‍ ജന്മി തമ്പുരാക്കന്മാര്‍  അടിയാന്‍മാരുടെ ഭാര്യമാരേയും പെണ്മക്കളേയും  അവരുടെ ശാരീരിക  സുഖത്തിനു വേണ്ടി പത്തായപ്പുരകളിലും  കളപ്പുരകളിലുമിട്ട്   പീഡിപ്പിച്ചിരുന്നത് തൊട്ട് ,  നല്ല തൂവെള്ള താടിയും വെച്ച്   നാലുംകെട്ടി  നാട്ടാരേയും പറ്റിച്ച്  കഴിഞ്ഞിരുന്ന  ഹാജിമാരുമൊക്കെ നടത്തിയ പീഡനങ്ങള്‍ ഒന്നും പുറംലോകം അറിയാതെ പോവുകയും അറിഞ്ഞാല്‍തന്നെ 'ദാരിദ്ര്യം' അന്നത്തെ സമൂഹത്തിൽ അടിച്ചേല്‍പ്പിച്ച  'പാരതന്ത്ര്യം'  അവരെ പ്രതികരണശേഷിയില്ലാത്ത സമൂഹമായി മാറ്റുകയുമായിരുന്നു. അത്കൊണ്ട്തന്നെ പീഡനമെന്ന ഈ മഹാവിപത്ത് അത്രതന്നെ ഈ മണ്ണില്‍  പ്രചരിച്ചിരുന്നില്ല  എന്നുവേണം മനസ്സിലാക്കാന്‍ .
(പെന്‍സില്‍ കൊണ്ടൊരു വര )

'തോംസണ്‍ റോയിട്ടേഴ്സ്ന്‍റെ അഭിപ്രായ സര്‍വേ' പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ  ജീവിതസാഹചര്യങ്ങളുള്ള  രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്  നമ്മുടെ ഇന്ത്യയാണെന്ന് കേള്‍ക്കുമ്പോള്‍ , സത്യം പറയാലോ... നമ്മുടെ നാടിനെ സാമ്പത്തികോന്നതിയിലെത്തിക്കാനും രാജ്യത്തെ ജനങ്ങളെയൊക്കെ  സമ്പന്നരാക്കി മാറ്റാനും വേണ്ടി 'പൊതുസ്വത്ത്‌' മുഴുവന്‍ കൊള്ളയടിച്ചും 'ഉപ്പുതൊട്ടു കര്‍പ്പൂരംവരെ' സകല വസ്തുക്കള്‍ക്കും വിലകൂട്ടിയും ആത്മാര്‍ത്ഥ പരിശ്രമം നടത്തുന്ന സര്‍ദാര്‍ജിയേയും  മദാമ്മയേയും  മുരിക്കിന്‍ കൊമ്പ് വെട്ടി നാല് പൊട്ടിക്കാനാണ് തോന്നുന്നത് ,

പരകോടി പാമര കുലജാതര്‍  വസിക്കുന്ന ഭാരതാംബയുടെ വിരിമാറില്‍ ഏകദേശം ഓരോമുപ്പത്മിനിറ്റിലും
ഓരോ  ബലാല്‍സംഗം  നടക്കുന്നു എന്നാണ് ചിലകണക്കുകള്‍  സൂചിപ്പിക്കുന്നത് . എന്നാല്‍. ഈ കണക്കും തെറ്റായി മാറുന്നു എന്ന ഒരഭിപ്രായമാണ് വിനീതനുള്ളത്. കാരണം , ആയിരം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുമ്പോള്‍ അതിന്നെതിരെ പ്രതികരിക്കാന്‍ രംഗത്ത്  വരുന്നത് കേവലം പത്തെണ്ണം മാത്രമാണ്. ഈ പത്താളുകളില്‍ തന്നെ നീതി ലഭിക്കുന്നത് കേവലം മൂന്നെണ്ണത്തിനു മാത്രമാണ്.
 എന്തുകൊണ്ടാണ്  ഇത്തരം ആക്രമണങ്ങള്‍ക്ക്  ഇരയാകുന്നവര്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍  നിര്‍ബന്ധമാവുന്നത് എന്നത് സമൂഹം ഗൌരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്.

ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്‍റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്‍പിന്നെ  സമൂഹം അവര്‍ക്ക് നല്‍കുന്ന  മാനസിക പീഡനം  അവര്‍  അനുഭവിച്ച ലൈംഗിക   പീഡനത്തേക്കാള്‍ വളരെ വലുതാണ്‌.  പാത്തുംപതുങ്ങിയുമുള്ള  പരിഹാസവും ചൂഴ്ന്നുനോട്ടവും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാത്തതും ഒരായിരം തവണ പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍  അസഹ്യവുമാണ്. എന്ന് മാത്രമല്ല , വിവാഹം കഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും അവരുടെ  ജീവിതം പിന്നീടങ്ങോട്ട് സ്നേഹം നിഷേധിക്കപ്പെടുന്ന എല്ലാവര്ക്കും ഭാരമാകുന്ന ഒരു ചവര്‍ ജന്മമായി മാറുകയോ അല്ലെങ്കിൽ നമ്മൾ മാറ്റുകയോ ചെയ്യുന്നു എന്നതാണ് വസ്തുത .  അത്കൊണ്ട്തന്നെ ആദ്യം  ഒരു   പരിവർത്തനം അത്യാവശ്യമായി വരേണ്ടത് പൊതുസമൂഹത്തിനാണ്.അപ്പോൾ മാത്രമേ മാന്യത യുടെ മുഖംമൂടിയും കൊണ്ട്നടക്കുന്ന ഇത്തരം നിഷാദൻമാര്‍ക്കെതിരെ  ഇരകൾ രംഗത്ത് വരികയോള്ളൂ...

ഒരിക്കലും പീഡിപ്പിക്കപ്പെടുന്ന പുരുഷന്‍ സമൂഹത്തില്‍നിന്നോ കുടുംബത്തില്‍നിന്നോ  ഇത്തരം മാനസികമായി ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നില്ല.  ഈ കുറ്റകൃത്യത്തിന് മുമ്പ് എങ്ങിനെയാണോ അവന്‍ ജീവിച്ചിരുന്നത് അതേ രീതിയില്‍ തന്നെ അവന്‍ യാതൊരു മനസാക്ഷി ക്കുത്തുമില്ലാതെ  സമൂഹത്തില്‍ ജീവിക്കുന്നു. അവന് പേരുദോമില്ല , പരിഹാസച്ചിരിയില്ല,കുത്തുവാക്കുമില്ല ! പീഡനത്തിനിരയായ സ്ത്രീകളെ മാത്രം വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. ഇവിടെയാണ് , നമ്മുടെ 'സാംസ്കാരിക ഔന്നിത്യം' ചോദ്യം ചെയ്യപ്പെടുന്നത് .

ഉദാഹരണമായിട്ട് , ഇന്ന് ശരീരം വിറ്റ്  ജീവിക്കുന്ന നമ്മുടെ ഇടയിലെ സ്ത്രീകളെ തന്നെ നമുക്ക് നോക്കാം.അവരെ നാമെത്ര  തരംതാഴ്ത്തിയാണ് സംസാരിക്കുന്നത്? അവരെ വേശ്യകളാക്കി മാറ്റിയെടുത്തവരെ നമ്മള്‍ കാണാതെ പോകുന്നു! ഒത്തിരി ശരീര വില്‍പ്പനക്കാരുമായി സംസാരിച്ചതില്‍ നിന്നും 'ഞാന്‍  ലൈംഗീക  തൊഴിലാളി'  നളിനി ജമീലയുടെ ആത്മ കഥ  എന്ന പുസ്തക വായനയില്‍ നിന്നും   മനസ്സിലാക്കിയ ഒരുസത്യമുണ്ട് , ഒരു പെണ്ണും സ്വമനസ്സാലെ ഈ തൊഴിലിന് ഇറങ്ങിയവരല്ല മറിച്ച് ഒരിക്കല്‍ പെട്ടുപ്പോയ ചുഴിയില്‍ നിന്ന് രക്ഷപെടാനാവാതെ പോയ  പാവങ്ങളാണിവർ. പക്ഷെ, അപ്പോഴും അവളെയിങ്ങനെ ആക്കിത്തീര്‍ത്ത ആളുകള്‍ സമൂഹത്തില്‍ വളരെ മാന്യന്‍മാരായി തന്നെ ജീവിക്കുന്നു. വീണ്ടും വീണ്ടും ഇത്തരം ഇരകളെ അനായാസം സൃഷ്ടിക്കുന്നു  .

ഒരു കാലഘട്ടത്തില്‍ സമ്പന്നനും കയ്യൂക്കുള്ളവനും  നിരാലംബരായ ആളുകളുടെ മേല്‍ നടത്തി പോന്നിരുന്ന ഈ പേക്കൂത്ത്  ഇന്നെന്തുകൊണ്ടാണ്   സർവ്വവ്യാപിയായതന്ന്  ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. ഇതില്‍ നാടിന്‍റെ ഭരണകൂടത്തിനും   നീതിന്യായസംവിധാനത്തിനും   നിർണ്ണായകമായൊരുപങ്കുണ്ട്.ഒരു രാജ്യത്ത് കുറ്റവാളികള്‍ ഉണ്ടാവുക എന്നത് സാധാരണമാണ്.ഇതിനെ പരിപൂര്‍ണ്ണമായ  രീതിയില്‍ ഉന്മൂലനം ചെയ്യുക  എന്നത് അസാധ്യവുമാണ്‌. എങ്കിലും ഇതിനെ ക്രമാതീതമായി നിയന്ത്രിക്കാനുള്ള  ഇച്ഛാശക്തിയെങ്കിലും നമ്മുടെ ഭരണകൂടത്തിനുണ്ടാവണം. ഇവിടെ അതില്ലാതെ പോകുന്നതാണ്  നമ്മുടെ ശാപം.
ഇപ്പോള്‍തന്നെ ഇന്ത്യ ഇന്നുവരെ കാണാത്ത  രീതിയില്‍  പ്രതിഷേധം  അലയടിച്ച 'ഡല്‍ഹിപീഡനം' തന്നെ എടുത്ത് പരിശോധിച്ചാല്‍  നമുക്ക് വ്യക്തമായി കാണാന്‍ കഴിയും നമ്മുടെ കോടതികളുടെ അനാസ്ഥ. നൂറു കോടി ഇന്ത്യന്‍ ജനതയും  കുറ്റം ചെയ്തവരും തെറ്റിനെ സമ്മതിച്ചിട്ടും  കുറ്റവാളിക്ക് പോലും കുറ്റവും കുറ്റത്തിന്‍റെ ഭീകരതയും  ബോദ്ധ്യമായിട്ടു   അവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഒരു ശിക്ഷ വിധിക്കാന്‍ നമ്മുടെ കോടതികള്‍ക്ക്  ഇതുവരെയായിട്ടില്ല ഇനിയെന്ത് തെളിവിന്‌ വേണ്ടിയാണിവർ  കാത്തിരിക്കുന്നത് എന്ന്  മനസ്സിലാകുന്നുമില്ല   . പ്രതികള്‍ക്കും സമൂഹത്തിനും  ബോദ്ധ്യപ്പെട്ടിട്ടും  എന്തേ..... നമ്മുടെ   നീതിപീഠങ്ങള്‍ക്ക് മാത്രം ഇത് ബോധ്യമാവുന്നില്ല .മാതൃകാപരമായ ശിക്ഷയിലൂടെ സമൂഹത്തിനൊരു പാഠം കാണിച്ചുകൊടുക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല എന്നത്തന്നെയാണ് ഇത്തരം  ക്രിമിനലുകൾക്ക്  നമ്മുടെ നീതിപീഠവും സര്‍ക്കാരും നല്‍കുന്ന പ്രോത്സാഹനം.

അതുകൊണ്ട്  സമയബന്ധിതവും  മാതൃകാപരവുമായ നീതി   നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പിക്കാന്‍ ഒരല്‍പസമയമെങ്കിലും  ഭരണ കൂടംമാറ്റിവെക്കാന്‍ തയ്യാറായേ മതിയാവൂ...."എന്താണ് ഈ പീഡനം , എങ്ങനെയാണ് ഈ പീഡനം" എന്ന്  ആറു വയസ്സായ സ്വന്തം മോള് എന്‍റെ സ്വന്തം ഭാര്യയോട് ടി വി കാഴ്ച്ചകള്‍ക്കിടെ   ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ഉത്തരത്തിലേക്ക് നോക്കി നിസ്സഹായകമായചോദ്യമാണ് ഈ  പോസ്റ്റെഴുതാൻ  എന്നെ പ്രേരിപ്പിച്ച ഘടകം 

LinkWithin

Related Posts Plugin for WordPress, Blogger...