ചൊവ്വാഴ്ച, ജൂലൈ 26

ഒലക്കമ്മലെ പടച്ചോനും പോക്കരെ പകയും


അന്നത്തെ കാലമല്ല ഇന്ന് ഇന്നത്തെ കാലമല്ല അന്ന്. കഞ്ഞി വെക്കാന്‍ അരിയില്ല മന്‍സാ .... എന്ന് അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞ കുഞ്ഞി പാത്തുവിനോട് അരിയില്ലെങ്കില്‍ പാത്തൂ നെയ്ച്ചോര്‍ വെച്ചളാ ഇജ്ജ്.., എന്നും പറഞ്ഞു മുച്ചൂണ്ടി പോക്കര്‍ വീടിനു ഇറയില്‍ കഴുകി തൂക്കിയ കൈകോട്ടും എടുത്ത് തൊടിയിലേക്ക്‌ ഇറങ്ങി.


പോക്കരുടെ മറുപടി കേട്ട നിരാശ വദന കുഞ്ഞിപാത്തുവിന്‍റെ പേന്‍ താമസമുള്ള തലയില്‍ നിന്ന് നൊച്ചനെലിയോളം പോന്ന രണ്ടു പേനുകള്‍ കാലി കലത്തിനു താഴെ കത്തുന്ന ഓലക്കൊടി അടുപ്പില്‍ വീണു ആത്മഹത്യ ചെയ്തു. ഇജ്ജെ മംബര്‍ത്ത തങ്ങളെ.... എന്ത് പിരാന്താ....? ഈ മന്സന്‍ പറേണത്, എന്ന് മനോഗതം പാസാക്കി, അന്തം വിട്ടു കുന്തം വിഴുങ്ങാന്‍ വേണ്ടി കുന്തം കാണാത്തത് കൊണ്ട് മൂലയിലിരുന്നു തൊഴിലില്ലാ വേതനം വാങ്ങുന്ന ഒലക്ക എടുത്ത് മുണുങ്ങി പാത്തു ക്ഷമാഷീല ശീലാവതിയായി 
ദാരിദ്ര്യത്തിന് കുറവില്ലെങ്കിലും മുന്‍ശുഡ്ഢിക്ക് യാതൊരു കമ്മിയുമില്ലാത്ത ശ്രീമതി കുഞ്ഞിപാത്തു ആന്‍ഡ്‌ പോക്കര്‍ ഫാമിലിയില്‍. ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് മൂന്നും ചൊല്ലാനുള്ള ഈറേം (ദേഷ്യം) പോരും ഉള്ള മന്‍സനാണ് മൂപ്പരെന്നു മനസ്സിലാക്കിയ കുഞ്ഞിപാത്തുവിന്‍റെ ഇത്തരം അവസരോജിത മൌനമാണ് ആ സംബഭഹുല ദാമ്പത്യത്തിന്‍റെ ജീവന്‍ ടോണ്‍ .

കൈക്കൊട്ടുമെടുത്തു പോയ പോക്കര്‍ താഴെ തൊടിയില്‍ നിന്ന് നാല് മൂട് കപ്പപറിച്ചു. അരിയില്ലാതെ മൂഡ്‌ഔട്ടായിപോയ കുഞ്ഞിപാത്തുവിന്‍റെ മൂഡ്‌ ഇന്‍ ആക്കി . ഒരു കട്ടന്‍ ബീഡിക്ക് തീ കൊടുത്ത് റാഹത്തില്‍ ഒരു പുക വിട്ട് ആകാശത്തേക്ക് നോക്കി സെക്കണ്ട്ഷോക്ക് ആളിരിക്കുന്ന പോലെയുള്ള സ്വന്തം നെഞ്ചിലെ രോമം തടവി മഴ പെയ്യുമോ ഇല്ലയോ എന്ന് കപ്പ വാങ്ങി തിരഞ്ഞു നടന്ന കുഞ്ഞി പാത്തുവിനെ നോക്കി കുണ്ടിതപെട്ടു. 
ഇമ്മാതിരി ഒരു വേനല്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇനിയും മഴ പെയ്തില്ലെങ്കില്‍ കുടുംബം പട്ടിണിയാവും കടം കയറും പുത്തന്‍പ്പുരയിലെ ചാമി മാഷുടെ അടുത്ത് ന്ന് പത്ത് പറപാടം പാട്ടത്തിനെടുത്ത് വിത്തിട്ടതാ ഇനിയും മഴ പെയ്തില്ലെങ്കില്‍ ഞാറു കരിയും നിലം തരിശാവും വെതചില്ലേലും കൊയ്തില്ലേലും പറഞ്ഞ പാട്ടം കൊടുകെണ്ടിവരും മനസിന്‍റെ ആകാശത്ത് ആയിരം ഇടി വെട്ടി കരളെരിഞ്ഞു. മനസ്സ് പോലെ എരിഞ്ഞു തീര്‍ന്ന ബീഡി കുറ്റിയില്‍ നിന്ന് അവസാന പുകയെടുത്ത് മുച്ചൂണ്ടി പോക്കര്‍ ഒരു തീരുമാനത്തിലെത്തി . ഇനി മഴയെ കാത്തിട്ടു കാര്യമില്ല .കൈക്കോട്ടും വെട്ടുകത്തിയുമെടുത്ത് പാടത്തേക്കിറങ്ങി വരമ്പില്‍ നില്‍ക്കുന്ന കട്ടയിട്ട വാഴ മുഴുവന്‍ വെട്ടി കൈത്തോടിനു കുറുകെ ഇട്ടു അണകെട്ടി ഏത്തം തേവി ഞാര്‍ പാകിയകണ്ടം നിറച്ചു . കഠിനാധ്വാനത്തിന്‍റെ ഫലമായി വാടിതുടങ്ങിയ ഞാറിന്‍ കതിര്‍ തെളിഞ്ഞു പോക്കര് ക്ഷീണിച്ചു തളര്‍ന്നു . 
തളര്‍ച്ച മാറ്റാന്‍ ഒരു നാല് നാലര ആവുമ്പോള്‍ തളര്‍ച്ചയിലും വളര്‍ച്ചയിലും താങ്ങായ ബീടര്‍ കുഞ്ഞിപാത്തു കൊണ്ട് വന്ന കട്ടന്‍ ചായയും കപ്പയും കാ‍ന്താരി കൂട്ടി അടിച്ചിരിക്കുമ്പോള്‍ ആണ് 
പ്രതീക്ഷക്ക് വിപരീതമായി ആകാശം ഇരുണ്ടു മൂടി മേഘാവൃതമായത് .ഇടി വെട്ടി ഹലാക്കിന്‍റെ മഴ പെയ്തത്. ചെയ്ത അദ്വാനമാത്രയും വെള്ളത്തിലിട്ട ലത്‌ പോലെ മണവും ഗുണവും ഇല്ലാതെ ലാപ്സായി പോയി .

പ്രകൃതിയുടെ ഈ വികൃതി കണ്ടു ദേഷ്യം കയറിയ പോക്കരുടെ മനസ്സും വികൃതമായി വെട്ടുകത്തിയെടുത്ത് വേലിയിലിരുന്ന കള്ളി ചെടികളെ മുഴുവന്‍ പോക്കര്‍ അരിശത്തോടെ ആഞ്ഞുവെട്ടി വെട്ടികൂട്ടിയ കള്ളി കമ്പുകള്‍ കെട്ടാക്കി തലയില്‍ ചുമന്നു വല്യ കുന്നിന്‍റെ മണ്ടയില്‍ കയറി എന്നിട്ട് കള്ളി കമ്പ് എടുത്ത് ആകാശം നോക്കി എറിഞ്ഞു . ഏറിനൊപ്പം പറഞ്ഞു . “എന്ത് അടുപ്പിലെ പടചോനാടാ ഇജ്ജ് . മന്‍സനെ ഇമ്മാതിരി ചതി ചതിച്ച ഒലക്കമ്മലെ പടച്ചോന്‍ “ 

ഇന്നത്തെ കാലമല്ലായിരുന്നു അന്ന് അന്നത്തെ കാലമല്ല ഇന്ന് ഇന്നായിരുന്നു പോക്കരുടെ പടച്ചോന്‍റെ ഏറെങ്കില്‍ പടച്ചോന്‍റെ പടപ്പുകള്‍ പോക്കരുടെ അടിപണ്ടം തുരന്നു പണ്ടാരടങ്ങിയേനെ
©കൊമ്പന്‍

2 അഭിപ്രായങ്ങൾ:

LinkWithin

Related Posts Plugin for WordPress, Blogger...