ആകെലോക ദുനിയാവിന്റെ ഇങ്ങേത്തലക്കല്‍ ആറ്റും മണമ്മേല്‍ വീട്ടില്‍ താടിക്കാരന് കുഞ്ഞിരാമേട്ടന് സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ്ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര എന്ന സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട്ടകണക്കിന് സുന്ദര സുന്ദരി കുസുമ കൌമാരങ്ങളും പൂണ്ടു വിളയാടുന്ന ഒരു വല്ലാത്ത നാട്.
ഈ ഗ്രാമത്തിലെ പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍ നാട്ടുക്കൂട്ടം കൈകാരികളായ ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ കൂനാംമൂച്ചിതോമ ഇവരെ കൂടാതെ കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍ തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും നടക്കുന്നത് കോയാക്കാന്റെ ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും സുപ്രീം കോടതിയുമൊക്കെ !
കുണ്ടാമണ്ടിക്കരയും നാട്ടുകൂട്ടം മുദീറുമാരും കോയാക്കാന്റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!
മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ് പോയിരിക്കുന്നു !!