അര്‍ദ്ധ നിശീഥിനി നീലിമയില്‍ പൊഴിഞ്ഞു വീഴുന്ന മകര മഞ്ഞില്‍ പ്രകൃതി തണുത്തുറഞ്ഞുറങ്ങുമ്പോഴും, കാലത്തോട് കഥ പറഞ്ഞൊഴുകുന്ന ചാലിയാറിന്റെ കുഞ്ഞോളങ്ങള്‍ക്കൊപ്പം വിജനമായ മണല്തട്ടിന്റെ ഏകാന്തതയെ കൂട്ട് പിടിച്ച് എരിഞ്ഞമരുന്ന നീലച്ചടയന്‍ പുകച്ചുരുളുകളില്‍ അബൂ നിസാം കണ്ടത് അവളുടെ കവിത യൊഴുകുന്ന നയനങ്ങളെ ! !
ശരീരത്തിലെ ഓരോ ഇന്ദ്രിയങ്ങളിലും ലഹരി പടരുന്ന പ്രണയം സമ്മാനിച്ച വിളവെത്തിയ ഗോതമ്പ് പാടത്തിന് സമൃദ്ധിയും മഞ്ഞ ലോഹത്തിന് കനക കാന്തിയെപ്പോലും നാണിപ്പിക്കുന്ന മേനിയഴകുമുള്ള സ്വപ്ന സുന്ദരി. ഓര്‍മകളുടെ കുഞ്ഞോളങ്ങള്‍ അബൂ നിസാമിന്റെ മനസ്സിലൂടെ മന്ദമാരുതനായി കടന്നു പോയി... കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന് അവളെ കാണുന്നത് ..!